തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിന് ലോക്കപ്പിൽ ക്രൂരമർദനമെന്ന് പരാതി. വാരിയെല്ലിന് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നത്തുകാൽ കുറുവോട്സ്വദേശി വിനീഷിനാണ് മാരായമുട്ടം പൊലീസ് മർദിച്ചതായ പരാതിപ്പെട്ടത്. പിണങ്ങി കഴിയുകയായിരുന്ന വിനീഷിന്‍റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ വിളിപ്പിച്ചായിരുന്നു മർദനം. ഒന്നര വർഷങ്ങൾക്കു മുമ്പായിരുന്നു വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ വിനീതിന്‍റെയും തിരുപുറം സ്വദേശിനി ആര്യ സുരേഷിന്‍റെയും വിവാഹം.
യുവാവിനെ മരായമുട്ടം പൊലീസ് മര്‍ദിച്ചതായി പരാതി - പൊലീസ്
വാരിയെല്ലിന് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നത്തുകാൽ കുറുവോട്സ്വദേശി വിനീഷിനാണ് മാരായമുട്ടം പൊലീസ് മർദിച്ചതായ പരാതിപ്പെട്ടത്.
ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആര്യ സ്വന്തം വീട്ടിൽ നിൽക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാരായമുട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ച വിനീഷിനോട് ആര്യയെ കൂട്ടിക്കൊണ്ടുപോകാൻ എസ്.ഐ മൃദുൽ കുമാർ ആവശ്യപ്പെട്ടു. കൗൺസിലിംഗ് പൂർത്തിയാകാതെ തൽകാലം കൊണ്ടു പോകാൻ കഴിയില്ലെന്ന് വിനീഷ് നിലപാട് എടുത്തതാണ് മർദനത്തിന് ഇടവരുത്തിയത് എന്ന് പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വിനീഷിന്‍റെ വാരിയെല്ലിൽ നേരിയ പൊട്ടലുണ്ട്. തന്നെ മർദിച്ചു എന്നാരോപിച്ച് എസ്.ഐ മൃദുൽ കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജയദാസ്, അനിൽ എന്നിവർക്ക് എതിരെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി തുടങ്ങിയവർക്ക് വിനീഷ് പരാതി നൽകിയിട്ടുണ്ട്. അതേസമയം വിനീഷിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു എന്നും, മർദിച്ചു എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു.