തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മര്‍ദനമേറ്റ സംഭവം ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിയാതെ സംഘടിച്ചെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഇതേ തുടർന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. കല്യാശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്‍റെ പ്രത്യേക ബസിന് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകർ ചെയ്‌തത് 'ജീവൻ രക്ഷാ പ്രവർത്തനം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിച്ചാൽ ഇനിയും അക്രമണം തുടരണം എന്ന് പറയുന്നത് കലാപാഹ്വാനമാണെന്ന് വിഡി സതീശൻ ഇന്നലെ (നവംബര്‍ 24) വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.