തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അയോഗ്യമാക്കാൻ ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയാൽ പരാതി നൽകിയത്.
ജുഡീഷ്യൽ പദവി വഹിക്കുന്ന ആളുകൾ പാർട്ടി പരിപാടികളിൽ നിന്ന് പങ്കെടുക്കരുത് എന്ന് നിർദേശമുണ്ട്. യുവജന കമ്മീഷൻ പദവി അർദ്ധ ജുഡീഷ്യൽ പദവി ആണെന്നും ഇതിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
പുതുശ്ശേരി കടയ്ക്കലിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് എന്ന രാഷ്ട്രീയ പരിപാടിയിൽ ചിന്ത പങ്കെടുത്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ചിന്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരന്‍റെ ആരോപണം. തിങ്കളാഴ്‌ചത്തെ പ്രാരംഭ വാദത്തിനു ശേഷമേ ഹർജി ലോകായുക്ത ഫയലിൽ സ്വീകരിക്കുകയുള്ളൂ.