തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതില്‍ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പരാതിക്കാരനാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്. ആറ് മാസമായി സംസ്ഥാനത്ത് വ്യാജ കാര്‍ഡ് നിര്‍മാണം നടക്കുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല.(youth congress fake identity cards)
നേരത്തേ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഡിവൈഎഫ് ഐ കൊടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെനി നൈനാന്‍ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമന്‍ (29), ബിനില്‍ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്ണ (42) എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അഭി വിക്രമിന്‍റെ ഫോണ്‍, ബിനിലിന്‍റെ ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നും അന്വേഷണ സംഘം 24 വ്യാജ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. ഫെനി നൈനാന്‍, ബിനില്‍ ബിനു എന്നിവര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലാകുന്നത്. ഇതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനേയും അന്വേഷണ സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്‍റ് ജെയ്സണ്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മാണത്തിനായുള്ള ആപ്പ് നിര്‍മിച്ചത് താനാണന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് ജെയ്സണ്‍. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. തിരുവനന്തപുരം ഡിസിപി നിധിന്‍രാജിനാണ് അന്വേഷണ ചുമതല.