തിരുവനന്തപുരം:സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. 23 പേർ ഉൾപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ഓരോരുത്തരുടെയും പ്രവർത്തനം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇതുവരെയും ഐക്യത്തിൽ എത്താൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എ, ഐ ഗ്രൂപ്പുകളിൽ നിന്നും പല പേരുകളും ഉയരുന്നുണ്ട്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നോമിനേഷൻ നൽകാം.
അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിദ്ധീകരിച്ച പട്ടികയിൽ അനീഷ് എസ് ടി സുകുമാരൻ, എബിൻ വർക്കി, അഡ്വ. കെ എ അബിദ് അലി, അഡ്വ. ഒ ജെ ജനീഷ്, അനുതാജ്, അരിത ബാബു, ബിനു ചുള്ളിയിൽ, വി പി ദുൽഖിൽ, എറിക് സ്റ്റീഫൻ, ഫാറൂഖ് ഒ, ജെ എസ് അഖിൽ, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, കെ എം അഭിജിത്ത്, ലിന്‍റോ പി അന്തു, എം പി പ്രവീൺ, ആർ ഷാഹിൻ, രാഹുൽ മാങ്കൂട്ടത്തിൽ, എസ് ജെ പ്രേംരാജ്, ഷിബിന വി കെ, വൈശാഖ് ദർശൻ, വീണ എസ് നായർ, വിഷ്‌ണു സുനിൽ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.
ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് കെപിസിസി : അതേസമയം കഴിഞ്ഞ ദിവസം 11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരെ കെപിസിസി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലായിരുന്നു പ്രഖ്യാപനം. നിലവിൽ തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പട്ടികയാണ് പ്രഖ്യാപിക്കാൻ ഉള്ളത്.