കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു - Thiruvananthapuram medical college news

കഴക്കൂട്ടം പൊലീസ് കമ്മിഷണറോട് സംഭവം അന്വേഷിച്ച് നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു

Tags: *  Enter here.. State human rights commission  youth being beaten in tvm medical college  ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദ്ദിച്ച സംഭവം  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മര്‍ദ്ദനം  Thiruvananthapuram medical college news
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവം

By

Published : Feb 7, 2023, 7:54 PM IST

തിരുവനന്തപുരം:മെഡിക്കല്‍ കോളജില്‍ പിതാവിന്‍റെ മൃതദേഹം വാങ്ങാനെത്തിയ മകനെ ട്രാഫിക്ക് വാര്‍ഡന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. കഴിഞ്ഞ വെള്ളിയാഴ്‌ച ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപത്ത് വച്ചാണ് യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ കഴക്കൂട്ടം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി നാലാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ചികിത്സയിലിരിക്കെ ഹൃദയസ്‌തംഭനം കാരണം മരിച്ചയാളുടെ മകന്‍ അഖിലിനും സുഹൃത്തിനുമാണ് മര്‍ദനമേറ്റത്. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നിന്നുമയച്ച വാര്‍ഡന്‍മാരാണ് ഇവരെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തില്ലെന്ന് കാണിച്ച് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി.

ട്രാഫിക് നിയന്ത്രണവും വാഹന പാര്‍ക്കിങ് കേന്ദ്രത്തിന്‍റെ മേല്‍നോട്ടവുമാണ് ട്രാഫിക് വാര്‍ഡന്‍റെ ചുമതല. ഇവരാണ് തങ്ങളുടെ നിയന്ത്രണ പരിധി ലംഘിച്ച് രോഗിയുടെ മകനെ മര്‍ദിച്ചത്. ഒപി കവാടം വഴി അകത്തു കയറിയതിനായിരുന്നു മര്‍ദനം.

സെക്യൂരിറ്റി ക്യാബിന് സമീപമെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കസേരയിലിരുത്തി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മര്‍ദന വിവരം അറിയിച്ചിട്ടും നടപടിയൊന്നും അധികൃതരും പൊലീസും സ്വീകരിച്ചിരുന്നില്ല.

മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് നടപടിയെടുത്തത്. മര്‍ദിച്ച ട്രാഫിക് വാര്‍ഡന്‍മാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ശേഷം കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ABOUT THE AUTHOR

...view details