തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇടപെടൽ കാരണമാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത് എന്നായിരുന്നു സനിലിന്‍റെ ആരോപണം. ആശുപത്രിയില്‍ വച്ചാണ് സനില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ആരോപണം ഉന്നയിച്ചത്.
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു - പഞ്ചായത്ത് പ്രസിഡന്‍റ് വാര്‍ത്ത
ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സനിലാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നായിരുന്നു സനിലിന്‍റെ ആരോപണം
സനിലിന്‍റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും താനുമായി യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എസ് സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗൺ ഇളവ് വന്നതിനുശേഷം കുടിശ്ശിക അടക്കാനുള്ള ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് പതിവാണെന്നും അത്തരത്തിൽ കഴിഞ്ഞദിവസം പ്രദേശത്ത് പത്തിലധികം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
പെരിങ്കടവിള തോട്ടവാരം സ്വദേശി സനിൽ ഇന്നലെ രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സനില്‍ തിരുവനന്തപുരം മെഡിക്കൽ കൊളജ് ആശുപത്രിയിൽ പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരുങ്കടവിള പഞ്ചായത്തിലെ പെരുങ്കടവിള വാർഡിൽ യുഡിഎഫ് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് സനിൽ. ഇവിടെ നിന്നും സിപിഎമ്മിനു വേണ്ടി മത്സരിച്ച് ജയിച്ച സുരേന്ദ്രനാണ് നിലവിൽ പ്രസിഡന്‍റ്.