തിരുവനന്തപുരം:അസുഖ ബാധിതരായ മാതാപിതാക്കൾക്ക് ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ മർദിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കുളത്തൂർ ഗുരുനഗർ സ്വദേശിയുമായ രതീഷിനെ (27) കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Also Read:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍
ഇന്നലെ ഉച്ചയോടെ കുളത്തൂർ ജങ്ഷനിലായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് തുമ്പ പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീട് ആക്രമിച്ച കേസിൽ രതീഷും ഉൾപ്പെട്ടിരുന്നു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നും പൊലീസ് അറിയിച്ചു. എന്നാൽ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണും കർശന നിയന്ത്രണങ്ങളും നിലനിൽക്കെ പൊലീസ് കാവലിൽ നടന്ന അക്രമണം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സിപിഎം നേതാക്കളുടെ അറിവോടെ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടു വരുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.