കേരളം

kerala

ETV Bharat / state

സ്വരരാഗഭാവ സമന്വയത്തിന്‍റെ വിസ്‌മയധാര ; ഗാനഗന്ധര്‍വന് 82ാം പിറന്നാള്‍ - യേശുദാസിന്‍റെ 82ാം പിറന്നാള്‍

1962 ൽ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ എം ബി ശ്രീനിവാസൻ ഈണമിട്ട 'ജാതിഭേദം മതദ്വേഷം' എന്ന വരികളിൽ തുടങ്ങിയ സംഗീത സപര്യ യേശുദാസ്‌ ഇന്നും തുടരുന്നു

yesudas 82nd birthday  yesudan playback singing history  yesudas song  യേശുദാസിന്‍റെ സംഗാത സ്‌പര്യ  യേശുദാസിന്‍റെ 82ാം പിറന്നാള്‍  യേശുദാസിന്‍റെ ഗായക ജീവിതം
ഗന്ധർവ ഗായകന്‌ ഇന്ന് 82ാം പിറന്നാള്‍

By

Published : Jan 10, 2022, 10:24 AM IST

Updated : Jan 10, 2022, 12:16 PM IST

തിരുവനന്തപുരം :ഗന്ധർവ ഗായകൻ യേശുദാസിന് ഇന്ന് 82 വയസ്സ്. അരനൂറ്റാണ്ടായി മലയാളി ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കൂടെയുള്ള നാദത്തിൻ്റെ പേരാണ് യേശുദാസ്‌. 1962 ൽ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ എം ബി ശ്രീനിവാസൻ ഈണമിട്ട 'ജാതിഭേദം മതദ്വേഷം' എന്ന വരികളിൽ തുടങ്ങിയ സപര്യ ഇന്നും തുടരുന്നു.

ശ്രോതാവിൻ്റെ വേദനയും സന്തോഷവും നിരാശയും ഭക്തിയും പങ്കുവച്ച വരികളിൽ യേശുദാസിനുമാത്രം ഉണർത്താൻ കഴിയുന്ന ഭാവതീവ്രത മലയാളിയെ അദ്ദേഹത്തിൻ്റെ പിന്നാലെ നടത്തി. അസമിയ, കാശ്മീരി, കൊങ്ങിണി എന്നിവ ഒഴികെ രാജ്യത്തെ എല്ലാ ഭാഷകളിലും യേശുദാസ് പാടി. ഇംഗ്ലീഷ്, അറബി, റഷ്യൻ ലാറ്റിൻ ഗാനങ്ങളും ആ മധുരസ്വരം സ്വന്തമാക്കി.

നിരവധി ചിത്രങ്ങൾക്ക് യേശുദാസ് സംഗീതം പകർന്നു. ചില ചിത്രങ്ങളിൽ പാടി അഭിനയിച്ചു. മലയാള ചലച്ചിത്ര സംഗീത രംഗത്തെ മുടിചൂടാമന്നൻ ആയിരിക്കെ 1980 ൽ തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോ തുടങ്ങി.

ലളിതഗാനങ്ങളും ഉത്സവ ഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം 170 ലേറെ ഓഡിയോ കാസറ്റുകൾ തരംഗിണി പുറത്തിറക്കി. ഇവയിലേറെയും ഇന്നും സൂപ്പർഹിറ്റുകളാണ്. തിരുവനന്തപുരത്ത് അദ്ദേഹം സ്ഥാപിച്ച തരംഗം നിസരി സ്കൂൾ ഓഫ് മ്യൂസിക് ഇന്നും പ്രവർത്തിക്കുന്നു. ഒരൊറ്റ ദിവസം വിവിധ ഭാഷകളിലെ 11 ഗാനങ്ങൾ പാടിയതിൻ്റെ റെക്കോർഡുമുണ്ട് യേശുദാസിന്.

വയലാർ - ദേവരാജൻ - യേശുദാസ് കുട്ടുകെട്ട്‌

ഈ കൂട്ടുകെട്ടിൽ പിറന്നവയേറെയും അനശ്വര ഗാനങ്ങൾ. സ്വർണത്താമരയിതളിലുറങ്ങും, കാറ്റടിച്ചു കൊടും കാറ്റടിച്ചു, നിത്യകാമുകീ, ആയിരം പാദസരങ്ങൾ, ചലനം ചലനം, സ്വർഗ്ഗപുത്രീ നവരാത്രി, ഗുരുവായൂരമ്പലനടയിൽ, സുമംഗലീ നീ ഓർമ്മിക്കുമോ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങി ഒട്ടേറെ ഗാനങ്ങൾ.

ഗാനങ്ങളും കൂട്ടുകെട്ടും കലാകാരന്മാരും ഈ പാട്ടുകളിലൂടെ ഓർമിക്കപ്പെടുന്നു. ജി ദേവരാജൻ്റെ 653 ഗാനങ്ങളാണ് യേശുദാസ് പാടിയത്. രവീന്ദ്രൻ,എ ടി ഉമ്മർ, വി ദക്ഷിണാമൂർത്തി, ശ്യാം,എം കെ അർജ്ജുനൻ, സലിൽ ചൗധരി, ജോൺസൺ, മോഹൻസിതാര, എം എസ് ബാബുരാജ് , എസ് പി വെങ്കിടേഷ് തുടങ്ങിയവർക്കൊപ്പം നൂറുകണക്കിന് ജനപ്രിയ ഗാനങ്ങൾ യേശുദാസ് പാടി.

പി ഭാസ്കരൻ,ഒ എൻ വി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, ശ്രീകുമാരൻ തമ്പി, കൈതപ്രം, എസ് രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഗാനരചയിതാക്കളുടെ സൃഷ്ടികളൊക്കെയും യേശുദാസിൻ്റെ ശബ്ദത്തിൽ മധുരമൂറുന്ന ഗാനങ്ങളായി.

രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ട്‌

മലയാള ചലച്ചിത്ര സംഗീതത്തിൻ്റെ സുവർണകാലം എന്നറിയപ്പെടുന്ന 1980കൾ മുതൽ
രവീന്ദ്രൻ്റെ സംഗീതത്തിൽ യേശുദാസ് പാടിയത് 339 പാട്ടുകൾ. സുഹൃത്തായിരുന്ന രവീന്ദ്രനെ സിനിമയിലെത്തിച്ചതും യേശുദാസ് തന്നെ.

രവീന്ദ്രൻ്റെ ആദ്യചിത്രം 1979ൽ പുറത്തിറങ്ങിയ ചൂളയാണ്. ഈ ചിത്രത്തിൽ സത്യൻ അന്തിക്കാട് എഴുതിയ താരകേ മിഴിയിതളിൽ കണ്ണീരുമായി എന്ന ഗാനം മലയാള ചലച്ചിത്ര ഗാനശാഖയിൽ പുതുയുഗം ഒരുക്കി. തേനും വയമ്പും, ഏഴ് സ്വരങ്ങളും, രാജീവം വിടരും, സുഖമോദേവി തുടങ്ങിയ ഗാനങ്ങൾ തരംഗമായി.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ എടുത്തുപറയണം. ആറാം തമ്പുരാനിലെ ഹരിമുരളീരവം, വടക്കുംനാഥനിലെ ഗംഗേ തുടങ്ങിയ ഗാനങ്ങളും അനശ്വരമാണ്‌.

പുരസ്കാരങ്ങൾ

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എട്ടുതവണ - ആറുതവണ മലയാള സിനിമകൾക്കും ഓരോ തവണ ഹിന്ദി, തെലുങ്ക് സിനിമകൾക്കും. യേശുദാസിന് പിന്നിൽ 6 തവണ നേടിയ എസ് പി ബാലസുബ്രമണ്യം, മൂന്നുതവണ വീതം നേടിയ ഉദിത് നാരായൺ, ശങ്കർ മഹാദേവൻ എന്നിവര്‍. ഗാനഗന്ധര്‍വന്‍റെ റെക്കോർഡ് തകർക്കുക എളുപ്പമല്ല.

മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് 25 തവണ. പിന്നിൽ അഞ്ചുതവണ നേടിയ പി ജയചന്ദ്രൻ, മൂന്നുതവണ വീതം നേടിയ എംജിശ്രീകുമാർ,ജി വേണുഗോപാൽ, വിജയ് യേശുദാസ് എന്നിവര്‍.

അഞ്ചുതവണ മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിൻ്റെ പുരസ്കാരം. നാലുതവണ ആന്ധ്രപ്രദേശ് സർക്കാരിൻ്റെ അവാര്‍ഡ്, ഒരുതവണ പശ്ചിമബംഗാൾ സർക്കാരിൻ്റെ അംഗീകാരം. 1975 ൽ പത്മശ്രീ, 2002 ൽ പത്മഭൂഷൻ, 2017 ൽ പത്മവിഭൂഷൻ, സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയൽ പുരസ്കാരം എന്നിവയും നേടി.

സാമൂഹ്യ ജീവിതം

മലയാളിക്ക് യേശുദാസിനെ ഇഷ്ടമാണ് സംഗീതത്തോളം. അതേസമയം വിവിധ വിഷയങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളും പ്രവൃത്തികളും വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങൾക്കും പുരസ്കാരങ്ങൾക്കും മേലെയാണ് യേശുദാസിൻ്റെ സംഗീതത്തോടും ശബ്ദത്തോടും ഇന്ത്യക്കുള്ള പ്രണയം.

സാമ്പത്തിക ദുരിതങ്ങളുടെ കയ്പ്പുനീർ കുടിച്ചുള്ള വിദ്യാഭ്യാസ കാലവും അവസരങ്ങൾ തേടിയുള്ള യാത്രകളും കഴിഞ്ഞ് കഠിനാധ്വാനവും ആത്മാർപ്പണവും കൈമുതലാക്കി യേശുദാസ് നടത്തിയ ജീവിതയാത്ര വലിയ മാതൃകയാണ്. അദ്ദേഹത്തിൻ്റെ കാലത്ത് ജീവിക്കുന്ന സംഗീതാസ്വാദകരും ആ കാലഘട്ടത്തെ വല്ലാതെ സ്നേഹിക്കുന്നു. ഗന്ധർവഗായകന് പിറന്നാൾ ആശംസകൾ.
ALSO READ:ഡെല്‍റ്റാക്രോണ്‍ : കൊവിഡിന് പുതിയ വകഭേദം, സ്ഥിരീകരിച്ചത് സൈപ്രസില്‍

Last Updated : Jan 10, 2022, 12:16 PM IST

ABOUT THE AUTHOR

...view details