തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നോൺ- വെജ് ഭക്ഷണം വിളമ്പുന്നില്ലെന്ന വിവാദം അനാവശ്യമെന്ന് പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ മകൻ യദു പഴയിടം. ഭക്ഷണം വിളമ്പുന്ന സമയവും ബജറ്റും മാംസാഹാരം വിളമ്പുന്നതിന് വലിയ വെല്ലുവിളിയാണ്. എന്നാൽ സർക്കാർ ഇവ മെനുവിൽ ഉൾപ്പെടുത്തിയാൽ പാചകം ചെയ്‌ത് വിളമ്പുമെന്നും യദു വ്യക്‌തമാക്കി.
'ജാതിയും മതവും പറയുന്നത് വിഷമിപ്പിച്ചു, വിവാദങ്ങൾ അനാവശ്യം' ; എന്ത് ഭക്ഷണവും രുചിയോടെ വിളമ്പുമെന്ന് യദു പഴയിടം
'വിവാദങ്ങൾ അനാവശ്യം, എന്ത് ഭക്ഷണവും രുചിയോടെ വിളമ്പും, ജാതിയും മതവും പറയുന്നത് വിഷമിപ്പിച്ചു' - യദു പഴയിടം പറയുന്നു
നോൺ- വെജ് ഭക്ഷണം തയാറാക്കാനുള്ള പാചകക്കാർ തങ്ങളുടെ ടീമിലുണ്ട്. ജാതിയും മതവും പറഞ്ഞുള്ള പ്രചരണം വിഷമിപ്പിച്ചു. വിവാദങ്ങൾ അതിൻ്റെ വഴിക്ക് പോകും. രുചിയുള്ള ഭക്ഷണം വിളമ്പി ഇവിടെ തന്നെയുണ്ടാകുമെന്നും യദു പഴയിടം കൂട്ടിച്ചേർത്തു.
ദേശീയ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ദേശീയ സമ്മേളനത്തിന് എത്തിയ പ്രതിനിധികൾക്ക് ഭക്ഷണം തയാറാക്കുന്നതിന്‍റെ ചുമതല യദുവിനാണ്. അച്ഛൻ കലോത്സവത്തിരക്കിൽ ആയതിനാലാണ് യദു തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഇവിടെ വെജ്, നോൺ- വെജ് ഭക്ഷണങ്ങളുമായി പ്രതിനിധികളുടെ മനസും വയറും നിറയ്‌ക്കുകയാണ് യദു.