തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍ഷിപ്പിന് (ODI World Cup 2023) ഇന്ത്യന്‍ മണ്ണില്‍ കാഹളമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആതിഥേയരും വിദേശ ടീമുകളും തമ്മില്‍ സെപ്‌റ്റംബര്‍ 29 മുതല്‍ ആരംഭിക്കുന്ന സന്നാഹ മത്സരങ്ങള്‍ക്ക് (Warm Up Matches) തലസ്ഥാനത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം (Karyavattom Greenfield Stadium) ഒരുങ്ങി. സന്നാഹ മത്സരത്തിന് മഴ വില്ലനാകുമെന്ന ഭീതിയിലാണ് ടീമുകളും ക്രിക്കറ്റ് പ്രേമികളുമെങ്കിലും അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് സന്നാഹ മത്സരത്തിന്‍റെ മുഖ്യ സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (Kerala Cricket Association).
മഴയെ പേടിക്കേണ്ട: ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കിടെ മഴ പെയ്‌താല്‍ എത്രയും വേഗം പിച്ച് മത്സരയോഗ്യമാക്കാനാകുമെന്നും ഇതുസംബന്ധിച്ച ആശങ്കകള്‍ പൂര്‍ണമായി തള്ളുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു വിനോദ് എസ് കുമാര്‍.
ഇതിനായി കൂടുതല്‍ ഗ്രൗണ്ട് സ്‌റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. മഴ പെയ്‌താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രൗണ്ട് മൂടാനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. രാത്രിയിലാണ് ടീമുകള്‍ കൂടുതലായും പരിശീലനത്തിന് ഇറങ്ങുക. ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടക്കുന്ന ഭാഗത്ത് കൂടുതല്‍ ഫ്‌ളെഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. ബിസിസിഐ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വിനോദ് എസ് കുമാര്‍ വ്യക്തമാക്കി.
മത്സരങ്ങള്‍ കളറാക്കാന്‍ കെസിഎ: ഐസിസി ഏകദിന ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റ് ആദ്യമായാണ് കാര്യവട്ടത്ത് നടക്കുന്നത്. തുടര്‍ച്ചയായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മത്സരങ്ങളും കഴിയുമ്പോള്‍ ഗ്യാലറിയും സ്‌റ്റേഡിയവും വൃത്തിയാക്കുക എന്നത് കനത്ത വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും സന്നാഹ മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് പുറമെ തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.