തിരുവനന്തപുരം :ലോകകപ്പ് സന്നാഹ മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം നാളെ തിരുവനന്തപുരത്ത് എത്തും (World Cup Warm-Up Match South Africa). പുലർച്ചെ 3.30നാണ് 15 അംഗ ടീം എത്തുക. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ വിവിധ വേദികളിലായാണ് സന്നാഹ മത്സരം നടക്കുന്നത്. സെപ്റ്റംബർ 29ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനുമായാണ് ദക്ഷിണാഫ്രിക്കയുടെ മത്സരം.
കോവളത്തെ ലീല റാവിസിലാണ് ദക്ഷിണാഫ്രിക്കൻ ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾക്കും ഇവിടെയാണ് താമസം ഒരുക്കിയിട്ടുള്ളത്. ഈ മാസം 28ന് ഓസ്ട്രേലിയയും ഒന്നാം തീയതി ഇന്ത്യയും തലസ്ഥാനത്ത് എത്തിച്ചേരും. അഫ്ഗാനിസ്ഥാൻ ടീം 26-ാം തീയതിയും നെതർലൻഡ്സ് 28-ാം തീയതിയും ന്യൂസിലൻഡ് 30-ാം തീയതിയും എത്തിച്ചേരും. ഹയാത്ത്, വിവാന്ത എന്നീ ഹോട്ടലുകളിലാണ് ഇവർ താമസിക്കുക.
സെപ്റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനെ നേരിടും. സെപ്റ്റംബർ 30നാണ് ഓസ്ട്രേലിയയും നെതർലൻഡ്സും തമ്മിലുള്ള മത്സരം നടക്കുക. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മത്സരിക്കും. ഒക്ടോബർ മൂന്നിനാണ് ഇന്ത്യ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുക. നെതർലൻഡ്സുമായാണ് ആതിഥേയരായ ഇന്ത്യയുടെ മത്സരം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറമേ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയവും ഗുവാഹത്തിയിലെ ബാർസാപറ സ്റ്റേഡിയവും സന്നാഹ മത്സരങ്ങൾക്ക് വേദിയാവും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയാണ് സന്നാഹ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.