തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് 2.30 നാണ് യോഗം. ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകൾ കടുത്ത അതൃപ്‌തിയിലാണ്.
ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി തൊഴിലാളി സംഘടനകളുമായി നേരത്തെയും യോഗം ചേർന്നിരുന്നു. എന്നാൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടർ ചർച്ചകളിലേക്ക് കടക്കുന്നത്. നേരത്തെ സിഐടിയുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ പിന്നീട് എല്ലാ അംഗീകൃത തൊഴിലാളി യൂണിയനുകളെയും യോഗത്തിലേക്ക് വിളിക്കുകയായിരുന്നു.
ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ വേണ്ടിവന്നാൽ സിഐടിയുവുമായി സംയുക്തമായി സമരം നടത്താനും തയ്യാറാണെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫും ബിജെപി അനുകൂല സംഘടനയായ ബിഎംഎസും. അതേസമയം കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഗഡുക്കളായി നൽകി പൂർത്തീകരിച്ചു. ആദ്യ ഗഡു കൃത്യം അഞ്ചാം തീയതി തന്നെ നൽകി. ഇന്നലെയാണ് രണ്ടാം ഗഡു വിതരണം ചെയ്‌തത്.
ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയും ഡീസലിനായി മാറ്റിവച്ച 10 കോടി രൂപയും ചേർത്താണ് രണ്ടാം ഗഡു വിതരണം പൂർത്തിയാക്കിയത്. എന്നാല്‍ തീരുമാനത്തിനെതിരെ ഇന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്നാണ് ബിഎംഎസ് അറിയിച്ചിരുന്നത്. ചർച്ചയിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകാനാകും സംഘടനകളുടെ തീരുമാനം.
ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റ് പ്രമോജ് ശങ്കർ :അതേസമയം കെഎസ്ആർടിസിയിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ചുമതലയേറ്റു. മാർച്ച് 13 നാണ് അധിക തസ്‌തിക സൃഷ്‌ടിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. മാർച്ച് 15 നാണ് പ്രമോജ് ശങ്കർ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റത്. അധിക ചുമതലയായാണ് നിയമനം.
വെഞ്ഞാറമ്മൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. അതേസമയം പുതിയ നിയമനത്തിലൂടെ കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്മെന്‍റ് വാദം. മൂന്ന് വർഷത്തേക്കോ കേന്ദ്ര സർവീസ് ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ പ്രമോജ് ശങ്കറിന് ജോയിന്‍റ് എംഡിയായി തുടരാം. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോജ് ശങ്കറിന്‍റെ നിയമനം. പ്രമോജ് ശങ്കർ ശ്രീചിത്ര എഞ്ചിനീയറിങ് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക്കും മദ്രാസ് ഐ ഐ ടിയിൽ നിന്നും എം ടെക്കും പാസായിട്ടുണ്ട്.
ഡിപ്പോകളില്‍ പുതിയ ശുചി മുറി: അതേസമയം കെഎസ്ആർടിസി ഡിപ്പോകളിലെ ഉപയോഗ ക്ഷമമല്ലാത്ത ശുചി മുറികൾക്ക് പകരം പുതിയവ രണ്ടാഴ്‌ചക്കുള്ളിൽ നിർമിക്കണമെന്ന് മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടു. ഇതിനായി 73 ഡിപ്പോകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. നിർമാണത്തിന് 3.5 കോടി രൂപയും അനുവദിച്ചു. അറ്റകുറ്റ പണികൾക്കായി ഒരു ലക്ഷം രൂപ മുൻകൂറായി നൽകും.