തിരുവനന്തപുരം: മരംമുറി കേസിൽ സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരംമുറി കേസിലെ പ്രതിയായ മാഫിയാ നേതാവിനെ മുൻ വനംമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫോണിൽ വിളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
നിലവിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. വനം മാഫിയയെ രക്ഷിക്കാൻ പട്ടികജാതി-പട്ടികവർഗക്കാരെ പ്രതിയാക്കിയാണ് അന്വേഷണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ റവന്യൂ മന്ത്രിയെയും കൂടുതൽ ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുക്കണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.