തിരുവനന്തപുരം:വിവാദ മരംമുറി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 2020 ഒക്ടോബർ 24ലെ മരംമുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവിനു പിറകിലെ ഗൂഢ സംഘത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ആണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
വ്യാപക വനംകൊള്ള സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. രണ്ടു വകുപ്പുകളും രണ്ട് വകുപ്പുമന്ത്രിമാരും യോഗം ചേർന്ന് എടുത്ത തീരുമാനത്തിന്‍റെ ഭാഗമായി ഉണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. നിയമ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ, മന്ത്രിസഭയുടെയോ എൽഡിഎഫിന്‍റേയോ അനുമതി ഉണ്ടായിരുന്നോ, സിപിഎം സിപിഐ നേതൃത്വങ്ങൾ അറിഞ്ഞിരുന്നോ എന്നിവയെല്ലാം വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
1964ലെയും 2005ലെയും നിയമങ്ങൾ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങൾ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. വനം, റവന്യു മന്ത്രിമാർ കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്. കർഷകരെ സഹായിക്കാൻ നിയമത്തിലും ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടത്. കർഷകരെ മുൻനിർത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ALSO READ:ബിജെപിയുടെ ശത്രു ആര്? പിണറായി വിജയനും കെ. സുധാകരനും വാഗ്പോര്
എട്ടു ജില്ലകളിൽ ആയി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നത്. ജൂൺ 17ന് പ്രതിപക്ഷ നേതാവിന്‍റേയും ഉപനേതാവിന്‍റേയും നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദർശിക്കും. കാര്യങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് പരിസ്ഥിതി-വനം സംരക്ഷണ പ്രവർത്തകരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി വസ്തുതാ അന്വേഷണ സംഘം രൂപീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.