തിരുവനന്തപുരം:പൊലീസിന്‍റെ വീഴ്ച മൂലമാണ് പല കേസിലും പ്രതികൾ രക്ഷപ്പെടുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. ഗാർഹിക പീഡന പരാതികളും ലൈംഗികാതിക്രമങ്ങളും വർധിച്ചതായും തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിനു ശേഷം കമ്മിഷൻ വ്യക്തമാക്കി. സൈബർ കുറ്റം ചുമത്തപ്പെട്ട പ്രതി ജാമ്യമെടുത്ത് വിദേശത്തു പോകുകയും പകരം പ്രതിയുടെ ഭാര്യയായ വീട്ടമ്മ കമ്മിഷന് മുമ്പിൽ ഹാജരാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്മിഷൻ പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്ത് ഗാർഹിക പീഡനവും ലൈംഗികാതിക്രമവും വർധിച്ചെന്ന് വനിതാ കമ്മിഷൻ
പരാതി നൽകിയവർ അദാലത്തിനെത്താത്തത് നിഷേധാത്മക സമീപനമാണെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സണ്‍ എം സി ജോസഫൈൻ
180 പരാതികൾ പരിഗണിച്ചതിൽ 114 കേസുകളാണ് മാറ്റിവച്ചത്. വാദിയോ പ്രതിയോ എത്താത്തതിനാലാണ് ഏറെയും മാറ്റിവച്ചത്. പരാതി നൽകിയവർ അദാലത്തിനെത്താത്തത് നിഷേധാത്മക സമീപനമാണെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൻ എം സി ജോസഫൈൻ പറഞ്ഞു. ഗാർഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ച് കൂടുതൽ പരാതികൾ എത്തുന്നുണ്ട്. സ്ത്രീകളെ പെട്രോൾ ഒഴിച്ചു കത്തിക്കുന്ന സംഭവങ്ങൾ കൂടുന്നു. ഇതിന്‍റെ സാമൂഹ്യ സാഹചര്യം സംബന്ധിച്ച് പഠനം ആവശ്യമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.57 പരാതികൾ തീർപ്പാക്കി. 7 എണ്ണത്തിൽ പൊലീസിന്‍റെ റിപ്പോർട്ട് തേടി. അദാലത്ത് നാളെയും തുടരും.