തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസിൻ്റെ വളയം പിടിക്കാൻ ഇനി വനിതകൾ. ആദ്യഘട്ടം എന്ന നിലയിൽ ഏഴ് പേരെയാണ് നിയമിച്ചതെങ്കിലും ഇതിൽ പരിശീലനം പൂർത്തിയാക്കുന്നത് നാല് വനിതകളാണ്. ഇവർ രണ്ടാഴ്‌ചക്കകം പരിശീലനം പൂർത്തിയാക്കും.
മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശികളായ ഐഎം ശ്രീക്കുട്ടി, ജിസ്‌ന ജോയി, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി വളയം പിടിക്കാനൊരുങ്ങുന്നത്. നഗരത്തിനുള്ളിൽ ചെറുതും വലുതുമായ ബസുകൾ ഓടിച്ച് പരിചയിച്ച ശേഷം ഇവരെ സ്വിഫ്റ്റിൻ്റെ ദീർഘ ദൂര സർവീസുകളിലേക്കും നിയമിക്കാനാണ് തീരുമാനം.
സിറ്റി സർക്കുലർ സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ കീഴിൽ വാങ്ങിയ 9 മീറ്റർ നീളമുള്ള ഇലക്ട്രിക് ബസ് ഓടിക്കുന്നതിനാണ് പുതിയ വനിത ഡ്രൈവർമാരെ നിയോഗിക്കുക. 400 ഡ്രൈവർമാരെയാണ് പുതിയ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നതിനായി നിയോഗിക്കുന്നത്. ഇതിൽ 100 പേർ വനിതകളാണ്.
ആദ്യഘട്ടത്തിൽ അപേക്ഷ ക്ഷണിച്ചവരിൽ ഹെവി ലൈസൻസ് ഉള്ള ഹെവി ഡ്രൈവർമാർ കുറവായിരുന്നതിനാൽ ഇനി മുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിക്കാനാണ് അധികൃതരുടെ നീക്കം. 163 ഇലക്ട്രിക് ബസുകളാണ് ഇത്തരത്തിൽ പുതുതായി കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ കീഴിൽ സിറ്റി സർക്കുലർ സർവീസ് നടത്തുന്നതിനായി വാങ്ങിയത്. അതേസമയം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ഓടിച്ച് പരിശീലനം നടത്താൻ എത്തിയ വനിത ഡ്രൈവർമാർക്ക് കാറിൽ പരിശീലനം നൽകിയ സംഭവം വലിയ വിവാദമായിരുന്നു.