തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍റെ (Women development corporation) 2021-22 വര്‍ഷത്തെ ലാഭവിഹിതം 27 ലക്ഷം. ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് (Department of Health, Women and Child Development) മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്‍റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് കോർപ്പറേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.
35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് കോർപ്പറേഷൻ സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന വനിത വികസന കോര്‍പറേഷന്‍റെ പ്രധാന ലക്ഷ്യം. വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്‌പ നല്‍കുന്നതില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പറേഷന്‍ വായ്‌പ വിതരണം ചെയ്‌തു.
35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്‌പ (Loan) നല്‍കിയ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയാണ് വായ്‌പാ വിതരണത്തില്‍ ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. 70,582 തൊഴിലവസരങ്ങള്‍ കോര്‍പറേഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സ്വയം തൊഴില്‍ വായ്‌പാ ചാനലൈസിംഗ് ഏജന്‍സിയാണ്.