തിരുവനന്തപുരം: നിക്ഷേപകരുടെ പണം തട്ടിയെടുത്ത പോസ്റ്റ് ഓഫിസ് വനിത ഏജന്‍റിന് മൂന്ന് വര്‍ഷം തടവും 6,25,000 രൂപ പിഴയും. കുളനട പോസ്റ്റ് ഓഫിസ് ഏജന്‍റ് മംഗളത്ത് വീട്ടില്‍ പി ജി സരളകുമാരിക്കാണ് തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ ജഡ്‌ജി ഗോപകുമാർ ശിക്ഷ വിധിച്ചത്. ആർ ഡി നിക്ഷേപകരുടെ (Monthly Recurring Deposit) പണമാണ് സരളകുമാരി അപഹരിച്ചത്.
കുളനട ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസ് മുഖേനെ കുളനട പോസ്റ്റ് ഓഫിസിലേക്ക് നിക്ഷേപകരിൽ നിന്നും മാസം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കാനായി 1989 മുതല്‍ വനിത ഏജന്‍റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സരളകുമാരി. 2005ല്‍ ചില നിക്ഷേപകര്‍ പണം നല്‍കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു.
തുടര്‍ന്ന് ഡെവലപ്മെന്‍റ് ഓഫിസര്‍ നിക്ഷേപകരെ നേരിട്ട് കണ്ട് അന്വേഷിച്ചപ്പോഴാണ് പണം അപഹരിക്കപ്പെട്ട വിവരം പുറത്തുവന്നത്. നിക്ഷേപകര്‍ നല്‍കിയ അര ലക്ഷത്തിലേറെ രൂപ ഏജന്‍റായ സരളകുമാരി അപഹരിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പന്തളം പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.