തിരുവനന്തപുരം: മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്‌ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്‌ടർ. പൊലീസ് അസോസിയേഷൻ ജില്ലാ നേതാവ് കൂടിയായ മലയിൻകീഴ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.വി സൈജുവിനെതിരെയാണ് വനിതാ ഡോക്‌ടർ ഡിജിപിക്ക് പരാതി നൽകിയത്. വിഷയത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭർത്താവിനോടൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്‌ടർ ശസ്ത്രക്രിയയ്ക്കായി 2019ലാണ് നാട്ടിലെത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച പരാതിയിൽ അന്ന് സ്റ്റേഷൻ എസ്.ഐ ആയിരുന്ന സൈജു ഇടപെടുകയും ഒഴിപ്പിച്ചു നൽകുകയും ചെയ്തിരുന്നു. ഈ പരിചയം മുതലാക്കി സൈജു തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് ഡോക്‌ടർ പരാതിയിൽ ആരോപിക്കുന്നത്.
പല ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ എത്തി വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് സൈജു ചൂഷണം ചെയ്തത്. എന്നാൽ സൈജുവിൻ്റെ ഭാര്യ തന്‍റെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തതോടെ ഇയാൾ വീട്ടിൽ വരുന്നത് എതിർത്തതായി ഡോക്ടർ പരാതിയിൽ പറയുന്നു. ഇതോടെ കൊന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
മാർച്ച് എട്ടിനാണ് സി.ഐയ്‌ക്കെതിരെ എസ്.പിയ്‌ക്ക് വനിതാ ഡോക്‌ടർ പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് 15-ാം തീയതി വീണ്ടും ഡിജിപിക്ക് പരാതി നൽകി. ഇതേതുടർന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് അസോസിയേഷൻ നേതാവായതിനാലാണ് എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതെന്നാണ് ആരോപണം. കേസിൽ നെടുമങ്ങാട് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ALSO READ: video: പെട്രോൾ അടിച്ചപ്പോൾ പുറത്തേക്കൊഴുകി; പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം