തിരുവനന്തപുരം :സമീപവാസികളുമായി അടിപിടിയുണ്ടാക്കിയ ആക്രമണ പ്രവണതയുള്ളയാളെ യാതൊരു സുരക്ഷ മുന്‍കരുതലുകളുമെടുക്കാതെ ആശുപത്രിയിലെത്തിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. ലഹരി മോചനത്തിന് ചികിത്സ തേടിയ ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു ആശുപത്രിയിൽ അക്രമം നടത്തിയ സന്ദീപ്. അയാളുടെ മാനസികാവസ്ഥ മനസിലാക്കുകയോ പശ്ചാത്തലം കണക്കിലെടുക്കുകയോ ചെയ്യാതെ അസമയത്ത് ആശുപത്രിയിലെത്തിച്ചതാണ് വനിത ഹൗസ് സർജന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
അസമയങ്ങളില്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ സുരക്ഷ മുൻകരുതല്‍ അടക്കം ഒഴിവാക്കി തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരുന്നതാണ് പൊലീസിന്‍റെ പതിവു രീതിയെന്നാണ് ഡോക്‌ടർമാർ ആരോപിക്കുന്നത്. ഡോക്‌ടറെ പ്രതി ആറു തവണ മുതുകില്‍ കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വനിത ഡോക്‌ടര്‍ ഉള്‍പ്പെടെ മൂന്നു പേരെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ മർദിച്ചു.
ഡോക്‌ടര്‍ വന്ദന ദാസിനു പുറമേ പൊലീസുകാരനായ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അദ്ധ്യാപകനാണ് പ്രതിയായ ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ് (42). ലഹരി ഉപയോഗത്തെ തുടർന്ന് സസ്‌പെൻഷനിലിരിക്കെയാണ് ഇയാൾ ആശുപത്രിയില്‍ അക്രമവും കൊലപാതകവും നടത്തിയത്.