തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്‍ ആക്രമിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമം. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു. ഇതോടെ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും അക്രമ മാര്‍ഗത്തിലേക്ക് തിരിഞ്ഞു. സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കൊല്ലം ചവറയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി.മാത്യുവിന് അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റു. സി.പി.മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.