തിരുവനന്തപുരം:ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. മഴയിൽ രണ്ട് വീടുകൾ തകർന്നതായി അധികൃതർ അറിയിച്ചു. നെയ്യാറ്റിൻകര വെള്ളാർ സ്വദേശി ശിശുപാലിന്‍റെ വീടും വെള്ളറട സ്വദേശി ചന്ദ്രന്‍റെ വീടുമാണ് മഴയത്ത് തകർന്നത്. കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളം ഇറങ്ങി കുതിർന്നാണ് വീടുകൾ തകർന്നതെന്ന് അധികൃതർ വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വീട് തകരുമ്പോൾ ശിശുപാലനും കുടുംബവും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ചുമരുകൾ മറിഞ്ഞ് വീഴുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടിയതുകൊണ്ട് മാത്രം തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെടുകയായിരുന്നു എന്ന് ശിശുപാലൻ പറഞ്ഞു. ഇവർ അടുത്ത വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.
വീടുകൾക്ക് പുറമെ പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്. നെയ്യാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി ആഞ്ഞ് വീശിയ കാറ്റിൽ മലയോര മേഖലയിലെ നിരവധി മരങ്ങൾ കടപുഴകി വീണു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. ഏറെക്കുറെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
കൂടുതൽ വായനയ്ക്ക്:സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്