തിരുവനന്തപുരം :ലോകം അടുത്ത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചിരിക്കുന്ന മഹാമാരിയാണ് ഡിസീസ് എക്‌സ് (Disease X). കൊവിഡിനേക്കാൾ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന (World Health Organization) പറയുന്ന ഡിസീസ് എക്‌സിനെ കുറിച്ച് കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്‌ധൻ ഡോക്‌ടർ ടി.എസ്.അനീഷ് വ്യക്തമാക്കുന്നു.
എന്താണ് ഡിസീസ് എക്‌സ് ? :ലോകത്ത് റിപ്പോർട്ട് ചെയ്യാറുള്ള പുതിയ രോഗത്തിന് നൽകുന്ന പേരാണ് ഡിസീസ് എക്‌സ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗം ലോകാരോഗ്യസംഘടന അംഗീകരിക്കുന്നത് വരെ ഡിസീസ് എക്‌സ് എന്നാകും അറിയപ്പെടുക. പുതിയ രോഗം വൈറസ് മുഖേനയോ ഫംഗസ് മുഖേനയോ ബാക്‌ടീരിയ മുഖേനയോ പകരാം. ഇത് സംബന്ധിച്ചുള്ള ആധികാരിക പഠനം നടന്നിട്ടില്ല.
കൊവിഡിന് പിന്നാലെ തന്നെ ഒരു മഹാമാരി എത്താം എന്നത് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തലാണ്. അത് വലിയ രീതിയിൽ ഗുരുതരമാകും. രോഗ തീവ്രതയെ കുറിച്ച് പറയുമ്പോഴും എപ്പോൾ എവിടെ എന്നതിൽ വ്യക്തതയില്ല. ലോകത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും ഡിസീസ് എക്‌സ് റിപ്പോർട്ട് ചെയ്യാം. അതുകൊണ്ട് തന്നെ മാസ് വാക്‌സിനേഷൻ അടക്കം ഒരുക്കാനാണ് ഈ മുന്നറിയിപ്പുകൾ.
എന്തുകൊണ്ട് വീണ്ടും ഡിസീസ് എക്‌സ് :കൊവിഡ് തീർത്ത പ്രതിസന്ധി കാലം കഴിയുന്നതിന് മുമ്പ് തന്നെയാണ് പുതിയൊരു മുന്നറിയിപ്പ് വിദഗ്‌ധർ നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. മനുഷ്യ - മൃഗ സമ്പർക്കവും സംഘർഷവും ഏറി വരുന്നത് ഇതിന് ഒരു കാരണമാകാം. ഇപ്പോൾ വന്ന പല വൈറസുകളും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ്.
കൊവിഡ് പ്രഭവ കേന്ദ്രം വുഹാനിലെ ഒരു മാംസ ചന്തയെന്നാണ് റിപ്പോർട്ട്. നിലവിൽ കണ്ടെത്തിയതിനേക്കാൾ ദശലക്ഷം മടങ്ങ് വൈറസുകൾ ഉണ്ടെന്നാണ് കണക്ക് കൂട്ടൽ. ഇതിൽ ഏതെങ്കിലും വൈറസ് കാരണമാകാം പുതിയ മഹാമാരി. ഇത് കൃത്യമായി കണ്ടെത്തുന്നതു വരെ ആശങ്ക തുടരും.