തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം ഞെട്ടിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. തെരുവുനായകളുടെ നിയന്ത്രണത്തിനും വാക്‌സിനേഷനുമടക്കം സര്‍ക്കാര്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായ രീതിയില്‍ നടപ്പിലായിട്ടില്ല. നേരത്തെ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ തെരുവുനായകള്‍ക്കടക്കം വാക്‌സിന്‍ നല്‍കാനും ആക്രമണകാരികളായ നായകളെ പിടികൂടി പ്രത്യേക കേന്ദ്രത്തില്‍ സംരക്ഷിക്കാനും നടപടികള്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. സംസ്ഥാനത്ത് എത്ര തെരുവുനായകള്‍ ഉണ്ടെന്ന കണക്കുപോലും ലഭ്യമല്ല. ഏകദേശം മൂന്ന് ലക്ഷത്തിന് മുകളില്‍ തെരുവുനായകളെന്നാണ് നിലവില്‍ ആകെയുളള കണക്ക്. ഇവയ്ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനവും നടന്നില്ല. മുപ്പത്തിരണ്ടായിരത്തോളം തെരുവുനായകള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയത്.
വാക്‌സിനേഷന്‍ തെരുവുനായകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമായ ഒരു നടപടിയല്ല. എന്നാല്‍ പേവിഷ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷ ബാധയേറ്റ് മനുഷ്യര്‍ മരിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത കേരളത്തില്‍ ഇത് അല്‍പം ആശ്വാസം നല്‍കുന്നതായിരുന്നു. പക്ഷേ പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. തെരുവുനായകളെ മുഴുവന്‍ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനുള്ള സംവിധാനമൊന്നുമില്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദഗ്‌ധരായ നായപിടുത്തക്കാരെ പോലും കണ്ടെത്തിയിരുന്നില്ല. ഇതോടെ ഈ പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. ഇതോടൊപ്പം പ്രഖ്യാപിച്ച, ആക്രമണകാരികളായ നായകളെ പിടികൂടി പ്രത്യേകം പാര്‍പ്പിക്കാന്‍ ഒരു സ്ഥലം എന്നതും നടപ്പായില്ല. ഈ പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പണം കണ്ടെത്തണം എന്ന സ്ഥിതി വന്നതോടെയാണ് ഇതും മുടങ്ങിയത്.
എബിസി പദ്ധതിയും പാളി :തെരുവുനായകളുടെ നിയന്ത്രണത്തിന് നടപ്പിലാക്കിയിരുന്ന പ്രധാന പദ്ധതികളിലൊന്നാണ് അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി. തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതാണ് പദ്ധതി. ഉടനടി ഫലപ്രദമല്ലെങ്കിലും ഭാവിയില്‍ തെരുവുനായ നിയന്ത്രണം ഇതിലൂടെ നടപ്പിലാക്കാന്‍ കഴിയുമായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നത്. എന്നാല്‍ പലകാരണങ്ങളാല്‍ പദ്ധതി നടന്നില്ല.
ഒരു തെരുവുനായയെ പിടികൂടി വിദഗ്‌ധ ഡോക്‌ടറുടെ നേതൃത്വത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തണം. അതിനുശേഷം മൂന്ന് ദിവസം ശസ്ത്രക്രിയാനന്തര പരിചരണം നല്‍കിയ ശേഷം പിടികൂടിയ ഇടത്തുതന്നെ തുറന്നുവിടണം. ഇവയ്‌ക്കെല്ലാമായി ഏകദേശം 2100 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല തെരുവുനായകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതോടെ ഇവയെ പിടികൂടി ശസ്ത്രക്രിയ നടത്തുന്നതും പരിചരിക്കുന്നതും വലിയ വെല്ലുവിളിയുമായി. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധികൂടിയായപ്പോള്‍ പദ്ധതി പതിയെ അവസാനിപ്പിക്കുന്ന സ്ഥിതിയിലായി.
പദ്ധതി മുടങ്ങിയതോടെ വന്ധ്യംകരണം നടത്താന്‍ ബാക്കിയുള്ള നായകള്‍ ഈ ഇടവേളയില്‍ പെരുകി. കുടുംബശ്രീ വഴി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തേണ്ട ശസ്ത്രക്രിയ എന്ന വാദത്തില്‍ അതും അവസാനിച്ചു. ഇതോടെ നായകളുടെ എണ്ണം വീണ്ടും ഉയരുകയും ചെയ്‌തു. ഇടവേളകളില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ ഇത് ഫലപ്രദമാവുകയുള്ളൂ. കോര്‍പറേഷനുകളും ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉള്‍പ്പടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാല്‍ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തില്‍ പോലും തെരുവുനായകളെ പിടികൂടി പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഇന്ന് നിലവിലില്ല. അതുകൊണ്ടുതന്നെ തെരുവുനായ നിയന്ത്രണത്തിന് കാര്യക്ഷമമായ ഒരു പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നിന്ന് ആവശ്യവുമാണ്.
അവസാനിപ്പിക്കാനൊരുങ്ങി സൗജന്യ റാബീസ് വാക്‌സിനും : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള സൗജന്യ പേവിഷ വാക്‌സിന്‍ വിതരണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് മാത്രമായി സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യാമെന്ന നിര്‍ദേശം സര്‍ക്കാറിന്‍റെ മുന്നിലെത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍റെ സാമ്പത്തിക ചെലവ് കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ നീക്കം.
തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം വെട്ടിച്ചുരുക്കുന്നത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. പേവിഷ വാക്‌സിന് 1200 രൂപയും വലിയ മുറിവുകളുള്ളപ്പോള്‍ എടുക്കുന്ന ഇമ്യൂണോഗ്ലോബിന് മുറിവിന്‍റെ ആഴമനുസരിച്ച് ഇരുപതിനായിരം രൂപ വരെയും വില വരും. 2008 മുതലാണ് സംസ്ഥാനത്ത് പേവിഷ വാക്‌സിന്‍ സൗജന്യമാക്കിയത്. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ നായകളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 70 ശതമാനം പേരും വളര്‍ത്തുനായകളില്‍ നിന്ന് കടിയേറ്റതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.
ജനസാന്ദ്രതയുള്ള കേരളത്തില്‍ നായകളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രമെന്നത് പലപ്പോഴും ജനങ്ങളുടെ എതിര്‍പ്പുയര്‍ത്തുന്ന ഒന്നായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും എബിസി കേന്ദ്രങ്ങളടക്കം സ്ഥാപിക്കുന്നത് നീണ്ടുപോവുകയാണ്. മന്ത്രിമാരുള്‍പ്പടെ ഈ വിഷയത്തില്‍ പലപ്പോഴായി പ്രഖ്യാപനങ്ങള്‍ നടത്തി പോകുന്നത് മാത്രമാണ് നടക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യം ശാസ്ത്രീയമായ പരിഹാരമാണ്.