തിരുവനന്തപുരം :ബഹിരാകാശ യാത്രകളും കണ്ടുപിടുത്തങ്ങളുമായി രാജ്യം മുന്നേറുമ്പോൾ ഭ്രമണപഥം തൊടാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥിനികൾ. പെൺ ബുദ്ധി പെരുവഴിയെന്ന് ചൊല്ലിയവർക്ക് മുന്നിലാണ് പൂർണമായും വനിതകൾ നിർമിച്ച ഉപഗ്രഹം പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുന്നത്. തിരുവനന്തപുരം പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന എൽ ബി എസ് കോളജിലെ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന സ്പേസ് ക്ലബ് കൂട്ടായ്‌മയാണ് വിമൻ എഞ്ചിനീയറിങ് സാറ്റലൈറ്റ് എന്ന വിസാറ്റ് (WESAT Satellite Made by LBS Women College) നേട്ടത്തിന് പിന്നിൽ.
കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാവയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കലാണ് ലക്ഷ്യം. ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും ഇതുമൂലം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മറ്റും പഠിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ക്യാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന മെഷീൻ വഴി ഈ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.
ഉപഗ്രഹ നിർമ്മാണത്തിന് പിന്നാലെ വിവിധ കോളജുകളിൽ നിന്നാണ് പദ്ധതിയെക്കുറിച്ച് അറിയാനായി വിളികൾ വരുന്നത്. നിർമ്മാണത്തിൽ പങ്കാളികളായതിന്‍റെ ആവേശം വിദ്യാർഥിനികളിലും ഉണ്ട്. മൂന്ന് വർഷത്തെ പ്രയത്നമാണ് വിസാറ്റിന് (WESAT Satellite) പിന്നിൽ. ഉപഗ്രഹ നിർമ്മാണത്തിൽ താത്‌പര്യമറിയിച്ച് ഐഎസ്ആർഒയ്ക്ക് കത്ത് അയക്കുകയും തുടർന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍ററിന്‍റെ കൂടി സഹകരണത്തോടെ പ്രയത്നം പൂർത്തിയാക്കുകയും ആയിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആർഒയും എൽ ബി എസ് കോളജും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അടുത്തമാസം അവസാനമോ നവംബർ ആദ്യവാരമോ വിക്ഷേപണം നടക്കും.