തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവ്. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നാണ് നിർദേശം. നിലവിൽ നാല് മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്. ഇതിൽ ഒരു മാസത്തെ (ജൂലൈ) പെൻഷൻ വിതരണം ചെയ്യാനാണ് ഉത്തരവിറക്കിയത്.
പെൻഷൻ വിതരണം ഈ മാസം 26നകം പൂർത്തിയാക്കണം. 44,97,794 ഗുണഭോക്താക്കൾക്ക് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നതിന് ആവശ്യമായ 667.15 (667,15,45,600) കോടി രൂപ സംസ്ഥാനത്തിന്‍റെ വിഹിതമായി അനുവദിച്ചാണ് ഉത്തരവിറക്കിയത്.
ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക ഡിസംബർ 1നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്‍റെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫിസ് ബ്രാഞ്ചിൽ തിരിച്ചടക്കണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ഒരു മാസത്തെയെങ്കിലും ക്ഷേമ പെൻഷൻ വിതരണം നടത്താനുള്ള തീരുമാനം ധനവകുപ്പ് എടുത്തത്.
എന്നാൽ, ഇതിന് വേണ്ടിയുള്ള തുക കണ്ടെത്താനുള്ള കാലതാമസം കൊണ്ടാണ് ഉത്തരവ് വൈകിയത്. നവകേരള സദസ് നാളെ ആരംഭിക്കാനിരിക്കെയാണ്. ഈ ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൊതുജനങ്ങളിൽ നിന്നും ഉയരാതിരിക്കാനാണ് ഒരു മാസത്തെയെങ്കിലും പെൻഷൻ തുക തിടുക്കത്തിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്നും ആക്ഷേപമുണ്ട്. 1,600 രൂപയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ.