തിരുവനന്തപുരം: വെൽഫെയർ പാർട്ടിയും യു.ഡി.എഫും തമ്മിലുള്ള ബന്ധം പ്രചാരണായുധമാക്കാനൊരുങ്ങി സി.പി.എം. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ബന്ധം സംബന്ധിച്ച് തീവ്ര പ്രചരണം നടത്താനാണ് സി.പി.എം. നേതൃയോഗത്തില്‍ തീരുമാനമായത്.
വെൽഫെയർ പാർട്ടി-യു.ഡി.എഫ് ബന്ധം പ്രചാരണായുധമാക്കാൻ സി.പി.എം
നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും സി.പി.എം. നേതൃയോഗത്തിൽ തീരുമാനമായി
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിക്കും അവരുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്കുമെതിരെ സ്വീകരിച്ച ശക്തമായ നിലപാട് ഇടതു മുന്നണിക്ക് ഗുണം ചെയ്തെന്ന് യോഗം വിലയിരുത്തി. അതേ സമയം വെൽഫെയർ പാർട്ടിയും യു.ഡി.എഫുമായുള്ള ബന്ധം ചില മേഖലകളിൽ ബിജെപിക്ക് അനുകൂലമായെന്നും നായർ, ഈഴവ സമുദായങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർധിപ്പിക്കുന്നത് ഗൗരവത്തിൽ കാണണമെന്നും ഇതിനെതിരെ മതേതര അടിത്തറ ശക്തിപ്പെടുത്തണമെന്നും സി.പി.എം. സംസ്ഥാന സമിതി യോഗം നിർദേശിച്ചു.
ഒപ്പം നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും തീരുമാനമായി. നാളെ മുതൽ ജില്ലാ നേതൃയോഗങ്ങൾ ചേരാനും സംസ്ഥാന സമിതി തീരുമാനങ്ങൾ ജില്ലാ നേതൃയോഗങ്ങളില്‍ അറിയിക്കാനും തീരുമാനമായി. കൂടാതെ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ ഈ മാസം ചേരാനും സ്ഥാനാർഥി നിർണയം, സീറ്റ് വിഭജന ചർച്ചകൾ എന്നിവ ആരംഭിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.