കേരളം

kerala

ETV Bharat / state

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ; മെയ്‌ അവസാനം വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന തരത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

weather updates kerala  weather updates  rain updates  rain  weather  മഴ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഴയ്ക്കുള്ള സാധ്യത  യെല്ലോ അലർട്ട്  മഴയ്‌ക്ക് സാധ്യത  മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ  kerala climate
മഴ

By

Published : May 23, 2023, 4:07 PM IST

തിരുവനന്തപുരം :മെയ്‌ അവസാനം വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ചൊവ്വ (23-05-2023): ഇടുക്കി, കോഴിക്കോട്, വയനാട്

വ്യാഴം (26-05-2023): പത്തനംതിട്ട, ഇടുക്കി

വെള്ളി (27-05-2023): പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാനിര്‍ദേശം : കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ, ബുധനാഴ്‌ച (25.05.2023) മുതൽ വെള്ളിയാഴ്‌ച (27.05.2023) വരെ പ്രത്യേക ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചു.

ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും‌ സാധ്യതയുണ്ട്.

വ്യാഴാഴ്‌ച (26.05.2023) മുതൽ വെള്ളിയാഴ്‌ച (27.05.2023) വരെ : ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും‌ സാധ്യത. ഈ തീയതികളിൽ മേൽ പറഞ്ഞ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ഇടിമിന്നൽ ഉണ്ടായാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിന്ന് മാറി നിൽക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിലോ വാഹനങ്ങൾ മരച്ചുവട്ടിലോ പാർക്ക് ചെയ്യുകയോ നിൽക്കുകയോ ചെയ്യരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുക.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേയ്‌ക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടിവയ്ക്കു‌ക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തിവച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തിവയ്ക്ക‌ണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ഉയരമുള്ള സ്ഥലങ്ങളിലോ ടെറസിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മാത്രമല്ല, അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കും.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യത്തിൽ നിങ്ങൾ തുറസായ സ്ഥലത്താണങ്കിൽ, പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കാ‌യി സർജ് പ്രൊട്ടക്‌ടർ ഘടിപ്പിയ്ക്കാം.

മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ചയോ കേൾവിയോ നഷ്‌ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടായിരിയ്ക്കില്ല എന്ന് അറിഞ്ഞിരിയ്ക്കുക. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌.

മിന്നൽ ഏറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്. ആ സമയം പാഴാക്കാതെ മിന്നലേറ്റ ആളിന് വൈദ്യ സഹായം എത്തിച്ചാൽ അയാളുടെ ജീവൻ രക്ഷിയ്ക്കാൻ സാധിച്ചേക്കാം. വൈദ്യ സഹായം എത്തുന്നത് വരെ അത്തരം സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട പ്രഥമ ശുശ്രൂഷാ മാർഗ നിർദേശങ്ങളും അറിഞ്ഞിരിക്കുക.

ഇടിമിന്നൽ സാധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini എന്ന ലിങ്കിൽ നിന്ന് ദാമിനി ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details