തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ ഇന്ന് (നവംബര്‍ 24) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മാലിദ്വീപ് മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ കനത്ത മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. നാളെയോടെ (നവംബര്‍ 25) തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബര്‍ 26 ഓടെ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും ഇത് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുകയും ചെയ്യും. തുടര്‍ന്ന് നവംബര്‍ 27ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിന് മുകളിലും തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ഇന്ന് (നവംബര്‍ 24) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശം.