തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്(Kerala Rain Updates; Yellow And Orange Alerts Announced).തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്‍റെ ഫലമായാണ് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചത്. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27 ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്‍റെ ഫലമായി നവംബര്‍ 28 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം:കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.