തിരുവനന്തപുരം:കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് (ഒക്‌ടോബര്‍ 31) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കന്‍കേരളത്തിലാണ് മഴ കൂടുതല്‍ ലഭിക്കുകയെന്നും മുന്നറിയിപ്പ്.
കേരള തീരത്ത് തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. എന്നാല്‍ കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്: ശക്തമായ മഴയുള്ള സമയത്തോ മഴയ്‌ക്ക് സാധ്യതയുള്ളപ്പോഴോ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം ഉണ്ടാകുമ്പോള്‍ തന്നെ ജനങ്ങള്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കരുത്. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ വീടിനുള്ളില്‍ കഴിച്ച് കൂട്ടുക. വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.