തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (24-10-2023) മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് (ഒക്‌ടോബര്‍ 19) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പെട്രോൾ പമ്പിന് സമീപം വെള്ളക്കെട്ടുണ്ടായി (Rain Updates In Kerala).
കേരള, തെക്കന്‍ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അടുത്ത 3 മണിക്കൂറിൽ കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു (Rain News In Kerala).
കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിന്മാറിയതായും അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ന് വീണ്ടും ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.