കേരളം

kerala

ETV Bharat / state

Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്.

weather update kerala  weather update  kerala rain  rain update  weather  kerala weather  മഴ മുന്നറിയിപ്പ്  മഴ മുന്നറിയിപ്പിൽ മാറ്റം  മഴ  മഴയ്‌ക്ക് സാധ്യത  ഓറഞ്ച് അലർട്ട്  യെല്ലോ അലർട്ട്  orange alert  yellow alert  സംസ്ഥാനത്ത് മഴ  weather latest update  rain latest update
Weather Update

By

Published : Jul 7, 2023, 2:17 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ (Heavy rain) ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കണ്ണൂര്‍ (Kannur), കോഴിക്കോട് (Kozhikode) ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (Orange alert) പ്രഖ്യാപിച്ചു.

കോട്ടയം (Kottayam), ഇടുക്കി (Idukki), എറണാകുളം (Ernakulam), മലപ്പുറം (Malappuram), കോഴിക്കോട് (Kozhikode), വയനാട് (Wayanad) ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചു. നാളെ കൂടി മഴ തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. മഴയുടെ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട (Pathanamthitta), കോട്ടയം (Kottayam), കോഴിക്കോട് (kozhikode), കണ്ണൂര്‍ (Kannur), കാസര്‍കോട് (Kasargod) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

മലപ്പുറം ജില്ലയിലെ പൊന്നാനി (Ponnani) താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയിലെ (Alappuzha) ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ നാലിരട്ടി മഴയായിരുന്നു കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്‌തത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്നും നാളെയും നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചതായി അറിയിച്ചിരുന്നു.

മത്സ്യബന്ധനത്തിനും വിലക്ക്, ജാഗ്രത പാലിക്കാൻ നിർദേശം : മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, ഗുരുതരമായ ദുരന്ത സാഹചര്യം ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു.

കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ ന്യുനമർദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലകളിലും മഴ സജീവമായി തുടരുന്നു. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമാണ്. തിരുവനന്തപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

ശക്തമായ മഴ കണക്കിലെടുത്ത് ഇക്കോ ടൂറിസം സെന്‍ററുകളായ പൊന്മുടി, കല്ലാര്‍, മിന്‍മുട്ടി, മങ്കയം എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details