തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ വ്യാപകമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലും ഉണ്ടായേക്കാം.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് (19.06.2023) ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടലാക്രമണ സാധ്യത ഉള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം തീരദേശ മേഖലയിൽ നിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ കർശനമായും ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കാൻ പാടില്ല. കൂടാതെ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ അരുത്. ഇടിമിന്നൽ സമയങ്ങളില്‍ ടെലഫോൺ ഉപയോഗിക്കരുതെന്നും തുറന്ന മൈതാനങ്ങളിൽ നിൽക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ പകർച്ച വ്യാധി ഭീതിയിലുമാണ് സംസ്ഥാനം. കാലവർഷം ശക്തമായതോടെ ഡെങ്കി പനിയും എലിപ്പനിയും കൂടുതൽ ആയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ഒരാഴ്‌ചയ്ക്കിടെ മൂന്നു പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി മരണങ്ങൾ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്
കരുതല്‍ വേണം:പകർച്ച വ്യാധികൾ പെരുകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എലിപ്പനിയെ തടയാൻ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. 30 പേര്‍ക്കാണ് ജൂണ്‍ ആദ്യം സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചിരുന്നത്. 66 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു. കാലവര്‍ഷം കൂടി ശക്തി പ്രാപിക്കുന്നതോടെ ഈ കണക്കുകള്‍ ഇനിയും കൂടാനാണ് സാധ്യത.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. സര്‍ക്കാറിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂണ്‍ ആദ്യ രണ്ട് ആഴ്‌ചകളില്‍ 523 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 1636 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു. ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണവും ചേരുമ്പോൾ കണക്ക് ഇനിയും ഉയർന്നേക്കും.
READ MORE:Dengue cases kerala | സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, 12 ദിവസത്തിനിടെ 523 കേസുകള്‍