തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശം ഉണ്ട്.
അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരള തീരത്തേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. കാലവർഷം കേരളത്തിലെത്താനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണെന്നാണ് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് നിലവിൽ ശക്തമായി വടക്ക് ദിശയിലാണ് സഞ്ചരിക്കുന്നത്.
ഗോവ തീരത്ത് നിന്ന് 860 കിമീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കിലോമീറ്റാണ് വേഗമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ജൂൺ 10നും ജൂൺ 11നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രാത്രി 11.30 വരെ 2.6 മുതൽ 3.5 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കർശന നിർദേശം നൽകി. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശ പ്രകാരം മാറി താമസിക്കണമെന്നും നിർദേശമുണ്ട്.
കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ നിലവില്‍ മത്സ്യബന്ധനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.
അത്യാവശ്യ ഘട്ടങ്ങളിൽ ആളുകളെ മാറ്റി പാർപ്പിക്കാൻ കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവിറക്കുകയും ചെയ്‌തു. ഫിഷറീസ് വകുപ്പിന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തീരദേശ മേഖലകളിൽ സജ്ജമാക്കാനും നിർദേശം നൽകി.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് :മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചു. ഗുജറാത്തിന് സമീപത്തുകൂടി ഒമാന്‍ ഭാഗത്തേക്ക് ചുഴലിക്കാറ്റ് നീങ്ങാനാണ് സാധ്യതയെന്നും കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിരുന്നത്.
Also read :'ബിപോര്‍ജോയ്' തീവ്രചുഴലിക്കാറ്റായി; സംസ്ഥാനത്ത് 48 മണിക്കൂറിനകം കാലവര്‍ഷമെത്തും