തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മെയ് അഞ്ച് മുതൽ ഏഴ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്‌ചയോടെ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് ഉണ്ട്.
ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൽ വരും ആഴ്‌ചയിൽ മഴ സജീവമാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ, 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഇതിന്‍റെ വേഗത 20-40 cm/sec വരെ ആകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശം അനുസരിച്ച് മാറി താമസിക്കണമെന്നും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.