തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിമീ വേഗതയിൽ ശക്തമായി വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്‌തമാക്കി. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടും നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി ജില്ലയിൽ മാത്രവുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. അതേസമയം അടുത്ത രണ്ട് മണിക്കുറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസായി ഉയരാനും സാധ്യതയുണ്ട്.
ഇത് സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.