തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴക്കാണ് സാധ്യത.
കൂടാതെ കനത്ത കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശിയേക്കും. അതേസമയം സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും നിലനിൽക്കുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മേയ് 26 നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
26 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, 27 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 28ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 29ന് ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലുമായിരുന്നു യെലോ അലര്‍ട്ട് പ്രഖ്യാപനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ടായിരുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
സംസ്ഥാനത്ത് ഇത്തവണ ജൂണ്‍ മുതൽ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ മഴ മുന്നൊരുക്കങ്ങളും വേണ്ട രീതിയില്‍ സജ്ജീകരിക്കണം. രോഗങ്ങളും ദുരന്തങ്ങളും കൂടുതല്‍ ഉണ്ടാകുക മഴക്കാലത്താണ്. വെള്ളപ്പൊക്കം കാരണത്താൽ ഉണ്ടാകുന്ന ദുരന്തങ്ങളും രോഗങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താവുന്നതാണ്.