തിരുവനന്തപുരം:വൈദ്യശാലയുടെ മറവിൽ കഞ്ചാവ് വില്‍പ്പനയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിന് കിട്ടിയത് ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും ശരീരഭാഗങ്ങളും. സംഭവത്തില്‍ പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായി കല്ലുവെട്ടാൻ കുഴി ഫിറോസ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരെ വിതുര പൊലീസ് അറസ്റ്റ് ചെയ്‌തു.
വിതുര കല്ലുവെട്ടാൻകുഴിയിൽ അഗസ്ത്യ എന്ന പേരിൽ പ്രവർത്തിച്ചു വന്ന വൈദ്യശാലയുടെ ഉടമസ്ഥനാണ് പിടിയിലായ വിക്രമൻ. തുടര്‍ന്ന്, പ്രതികളുടെ വീട്ടിൽ നടന്ന പരിശോധനയിൽ ചാരായവും വാറ്റ് ഉപകരണങ്ങളും വെടിയുണ്ടയും പിടിച്ചെടുത്തു. കഴിഞ്ഞ നാല്‍പ്പത് വർഷമായി വീട്ടിൽ വൈദ്യശാല നടത്തി വരികയായിരുന്നു വിക്രമൻ.
ഒരു മാസം മുമ്പാണ് കൊപ്പം കല്ലുവെട്ടാൻകുഴിയിൽ വൈദ്യശാല തുറന്നത്. ഇവിടെ നിന്ന് കൊടുക്കുന്ന അരിഷ്ടത്തിലും ലേഹ്യങ്ങളിലും കഞ്ചാവിൻ്റെ അംശമുണ്ടെന്ന് പൊലീസ് മേധാവി പി.കെ മധുവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്.
20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു
വൈദ്യശാലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുതൈലം ഉൾപ്പടെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ വീട്ടിലും തെരച്ചില്‍ നടത്തിയത്. ഇവിടെ നടന്ന പരിശോധനയിൽ അര കിലോഗ്രാം കഞ്ചാവ്, കഷ്ണങ്ങളാക്കിയ ആനക്കൊമ്പ്, കാട്ടുപോത്ത്, മ്ലാവ്, മാൻ എന്നിവയുടെ കൊമ്പ്, കാട്ടുപന്നിയുടെ പല്ല്, മുള്ളൻപന്നിയുടെ മുള്ള്, കുറുക്കൻ, പന്നി, മലയണ്ണാൻ, മയിൽ തുടങ്ങിയവയുടെ മാംസം, മയിൽപ്പീലി എന്നിവ പിടിച്ചെടുത്തു.
തുടർന്ന് ഇയാളുടെ സഹായിയായ സഞ്ജുവിൻ്റെ വാടക വീട്ടിലെത്തി. പരിശോധനയ്ക്ക് പൊലീസെത്തുമ്പോൾ സഞ്ജു വ്യാജവാറ്റിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. മുപ്പതോളം വെടിയുണ്ടകളും ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്.
വിതുര സി.ഐ എസ്.ശ്രീജിത്ത്, എസ്.ഐ എസ്.എൽ സുധീഷ്, എ.എസ്.ഐമാരായ ഇർഷാദ്, സജു, സജികുമാർ, എസ്.സി.പി.ഒ പ്രദീപ്, രജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗം പൊലീസ് സംഘം മൂന്നു ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആയുധങ്ങളുടെയും കഞ്ചാവിൻ്റെയും ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. വന്യജീവികളുടെ ശരീരഭാഗങ്ങളും ആയുധങ്ങളും വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
ALSO READ:വിടാതെ ക്രൈംബ്രാഞ്ച്, മോൻസൺ മാവുങ്കല്‍ വീണ്ടും കസ്‌റ്റഡിയില്‍