കൊച്ചി തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി എറണാകുളം: കൊച്ചി തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജല വിതരണം തടസപ്പെട്ടു. തമ്മനം പുതിയ റോഡിലാണ് ആലുവയിൽ നിന്നുള്ള വെള്ളമെത്തിക്കുന്ന വലിയ പൈപ്പ് തനിയെ പൊട്ടിയത്. തുടർന്ന്, ജലം ശക്തമായി പുറത്തേക്ക് ഒഴുകിയതോടെ ഈ ഭാഗത്തെ റോഡ് തകരുകയും ചെയ്‌തു.
ഇതോടെ തമ്മനം പാലാരിവട്ടം റോഡിൽ ഗതാഗതം തടസപ്പെട്ടു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെളളം കയറുകയും നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്‌തു. പൈപ്പ് പൊട്ടിയതോടെ ആലുവയിൽ നിന്നുള്ള ഇതുവഴിയുള്ള ജലവിതരണം നിർത്തിവച്ചു. വാട്ടർ അതോറിറ്റി ജീവനക്കാരെത്തി സ്ഥലത്ത് പരിശോധന തുടരുകയാണ്.
ആലുവയിലെ ജലശുദ്ധീകരണ ശാലയിൽ നിന്നും ശുദ്ധീകരിച്ച ജലം പ്രാദേശികമായി സംഭരിക്കുന്നതിനായി എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കം കാരണമാകാം പൈപ്പ് പൊട്ടിയതെന്നാണ് നിഗമനം. തൃപ്പൂണിത്തുറയിലേക്കും, ഫോർട്ട് കൊച്ചിയിലെ ചില ഭാഗങ്ങളിലേക്കും ഇവിടെ നിന്നായിരുന്നു കുടിവെള്ളമെത്തിച്ചിരുന്നത്.
എത്രയും വേഗം പൈപ്പ് മാറ്റി സ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം തമ്മനം, വെണ്ണല, പാലാരിവട്ടം, കലൂർ ഭാഗങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം തടസപ്പെടും. പമ്പ് തകരാറിലായതിനാൽ പാഴൂരിൽ നിന്നുള്ള ജലവിതരണം തടസപ്പെട്ടതിനെ തുടർന്ന് പശ്ചിമ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും കുടിവെളള പ്രശ്‌നം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
തകരാറിലായ പമ്പ് നന്നാക്കി ട്രയൽ റൺ ആരംഭിച്ചിരിക്കുകയായിരുന്നു. ഇതിനിടയാണ് ആലുവയിൽ നിന്നും കൊച്ചി നഗരത്തിൽ വെളളമെത്തിക്കുന്ന പൈപ്പ് പൊട്ടി പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.