തിരുവനന്തപുരം :ഒക്‌ടോബർ ഒന്നിന് സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് മിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.
കാർമേഘം കാണുന്ന സമയം മുതൽ മുൻകരുതല്‍ സ്വീകരിക്കണം. മിന്നൽ ദൃശ്യമല്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് കാലാവസ്ഥാവകുപ്പ് നിര്‍ദേശിക്കുന്നത്.
മിന്നലിനെതിരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
1. മിന്നല്‍ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരരുത്.
2. മിന്നൽ ഉള്ള സമയത്ത് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. പരമാവധി കെട്ടിടത്തിനകത്തുതന്നെ ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. അവയുടെ സാമീപ്യം ഒഴിവാക്കുക.
4. മിന്നലുള്ള സമയത്ത് ടെലിഫോൺ ഒഴിവാക്കുക. മൊബൈൽ കുഴപ്പമില്ല.
5. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്തുവരെ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കരുത്.
6. മിന്നലുള്ള സമയത്ത് മരച്ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
7. മിന്നലുള്ള സമയത്ത് വാഹനങ്ങൾക്കുളളിൽ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവ ഒഴിവാക്കുക.
8. മഴക്കാറ് കാണുമ്പോൾ തുണികളെടുക്കാൻ ടെറസ്സിലേക്കോ മുറ്റത്തേക്കോ മിന്നലുള്ള സമയത്ത് പോകരുത്.
9. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവയ്ക്കുക.
10. മിന്നൽ ഉള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.
11. മിന്നലുള്ള സമയത്ത് ജലാശയത്തിൽ കുളിക്കരുത്, മീൻ പിടിക്കരുത്. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ നിർത്തിവെച്ച് അടുത്തുള്ള കരയിലേക്ക് എത്തണം. ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. മിന്നലുള്ളപ്പോൾ ചൂണ്ടയിടലും വലയിടലും വേണ്ട.
12. പട്ടം പറത്തുന്നത് ഒഴിവാക്കുക.
13. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.
14. മിന്നലേറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഇല്ല. പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണനിമിഷങ്ങളാണ്. ഉടൻ വൈദ്യസഹായം എത്തിക്കുക.