തിരുവനന്തപുരം:നഗരത്തിലെ തിരക്കേറിയ തമ്പാനൂർ-മാഞ്ഞാലിക്കുളം റോഡിൻ്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ കയർ കെട്ടി റോഡ് തടഞ്ഞ് കുത്തിയിരുന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധം. തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ എത്താൻ കഴിയുന്ന റോഡാണ് മാസങ്ങളോളമായി കാൽനടയാത്ര പോലും സാധ്യമാകാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ചവിട്ടി റോഡ് മുറിച്ചുകടക്കുമ്പോൾ പകർച്ചവ്യാധി പകരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മലിനജലം സമീപത്തെ കടകളിലേക്ക് തെറിച്ചു വീഴുന്നതും ഇരുചക്ര വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവ് കാഴ്‌ചയാണ്. സ്‌മാർട്ട് സിറ്റി അധികൃതരുടെ അനാസ്ഥയാണ് മാഞ്ഞാലിക്കുളം റോഡിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് വാർഡ് കൗൺസിലർ സി.ഹരികുമാർ പറയുന്നു.