തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ ചർച്ചകൾക്ക് തയാറായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിൽ മുസ്ലീം സംഘടനകൾ വ്യാപക എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ചൊവ്വാഴ്‌ച) സമസ്ത നേതാക്കളുമായി ചർച്ച നടത്തും.
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസലിയാരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. പ്രതിഷേധത്തിന്‍റെ ഭാഗമായി മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം അടക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലീഗിനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.
വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം നടത്താൻ മുസ്ലീം സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ തലത്തിലെ ഇടപെടലിനെ തുടർന്ന് ഇത് മാറ്റിയിരുന്നു. അതിനിടെ മന്ത്രി വി. അബ്ദുറഹ്മാൻ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ചർച്ച നടത്തിയിരുന്നു.