തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റ് നേരിട്ട് വീട്ടിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കന്യാസ്ത്രീ മഠങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും താമസക്കാർക്കും ആദിവാസികൾക്കും ഈ സേവനം പ്രയോജനപ്പെടും. ഉൾവനങ്ങളിൽ താമസിക്കുന്നവർക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ ഭക്ഷ്യ കിറ്റുകൾ വാങ്ങുന്നതിന് പ്രയാസം നേരിടേണ്ടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ നടപടി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആദിവാസി ഊരുകളിൽ എത്തി വാതിൽപടി വിതരണത്തിലൂടെ കിറ്റുകൾ നൽകുമെന്നും വാതിൽപടി സേവനത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 15ന് തിരുവനന്തപുരം വിതുരയിലെ ആദിവാസി കോളനിയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണനും ചടങ്ങിൽ പങ്കെടുക്കും.
അനർഹർ തിരിച്ചേൽപ്പിച്ച മുൻഗണന കാർഡുകളുടെ വിതരണം ഈ മാസം 20ന് മുൻപ് പൂർത്തിയാക്കും. പുതുതായി തുടങ്ങുന്ന സ്‌മാർട്ട് റേഷൻ കാർഡ് വിതരണം കാർഡുടമകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത ഫീസ് ഈടാക്കി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം കാർഡുകൾ ഉപയോഗിച്ച് റേഷൻ വിഹിതം വാങ്ങുന്നതിന് പുറമേ പൊതുവിതരണ വകുപ്പ് ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് പദ്ധതികൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.