തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ പരീക്ഷ തട്ടിപ്പില്‍ (VSSC Technician B Exam scam case) ഹരിയാനയില്‍ പിടിയിലായ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു. കേസിലെ മുഖ്യസൂത്രധാരന്‍ ദീപക് ഷെയ്‌ഖ് അടക്കം മൂന്ന് പ്രതികളെയാണ് തലസ്ഥാനത്ത് എത്തിച്ചത്. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് കൈപ്പറ്റിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യ സൂത്രധാരന്‍ ദീപക്, ദീപക്കിന്‍റെ സഹായി ലഖ്‌വീന്ദര്‍, ഋഷിപാല്‍ എന്നിവരെ ഹരിയാനയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിഎസ്എസ്‌സിയുടെ ടെക്‌നിക്കല്‍ ബി ഗ്രേഡ് പരീക്ഷയിലായിരുന്നു (VSSC Exam fraud case) ഹൈടെക് കോപ്പിയടിയിലൂടെയും ആള്‍മാറാട്ടത്തിലൂടെയും പ്രതികള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഹരിയാനയിലെ ജിന്‍ഡിലെ ഗ്രാമത്തലവന്‍റെ സഹോദരനാണ് മുഖ്യപ്രതി ദീപക് ഷെയ്ഖ്. ഇയാള്‍ക്ക് സ്വന്തമായി ഒരു കോച്ചിങ് സെന്‍റര്‍ ഉണ്ട്.
ഈ കോച്ചിങ് സെന്‍റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീപക് ഷെയ്ഖിനോപ്പം പിടിയിലായ ഒരാള്‍ ഉദ്യോഗാര്‍ഥിയാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. നിലവില്‍ പൊലീസ് സംഘം ഹരിയാനയില്‍ അന്വേഷണം തുടരുകയാണ്. മറ്റ് മൂന്ന് സ്ഥാപനങ്ങളിലെ പരീക്ഷകളിലൂടെയും സമാന തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തി.
ഇത് കൂടി ഉള്‍പ്പെടുത്തിയാകും സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു റിപ്പോര്‍ട്ട് (City Police Commissioner Nagaraju) സമര്‍പ്പിക്കുക. കേസിലെ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്താനായി ഹരിയാന പൊലീസിന്‍റെ സഹകരണം തേടാനാണ് കേരള പൊലീസിന്‍റെ നീക്കം. തട്ടിപ്പ് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ വിഎസ്എസ്‌സി ടെക്‌നിക്കല്‍ ബി പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.