തിരുവനന്തപുരം: ആൾമാറാട്ടവും കോപ്പിയടിയും കണ്ടെത്തിയതിന് പിന്നാലെ ഞായറാഴ്‌ച നടന്ന വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍ ടെക്‌നീഷ്യന്‍ ബി പരീക്ഷ റദ്ദാക്കി. പൊലീസ് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി (VSSC Exam Cheating Case ). പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഒരിക്കൽ കൂടി നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു (VSSC Technician B Exam Cancelled).
സംഭവം ഇങ്ങനെ :ഞായറാഴ്‌ചയാണ് (20-08-2023) വിഎസ്എസ്‌സിയിൽ (Vikram Sarabhai Space Centre) ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷ നടന്നത്. എന്നാല്‍ അപേക്ഷിച്ചവർക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് പരീക്ഷ എഴുതിയതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതോടെ ആൾമാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവർ പൊലീസ് പിടിയിലാവുകയായിരുന്നു. അറസ്‌റ്റിലായ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. അതേസമയം തിരുവനന്തപുരത്തെ 10 പരീക്ഷ സെന്‍ററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷയ്ക്കായി എത്തിയത് 469 പേരാണ്.
വിഎസ്എസ്‌സിയുടെ ടെക്‌നീഷ്യൻ ബി കാറ്റഗറി (VSSC Technician B) തസ്‌തികയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഫോൺ സന്ദേശം ഹരിയാനയിൽ നിന്ന് എത്തിയതോടെയാണ് ഹൈടെക്ക് കോപ്പിയടി പുറംലോകമറിയുന്നത്. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസ് ഈ വിവരം പരീക്ഷ സെന്‍ററുകള്‍ക്ക് കൈമാറി. തുടർന്നാണ് കോട്ടൺഹിൽ (Cotton hill school), സെന്‍റ് മേരീസ് സ്‌കൂളുകളിൽ (St. Mary's School Pattom) കോപ്പിയടി സ്ഥിരീകരിച്ചതായി പൊലീസിനെ അറിയിക്കുന്നത്.