തിരുവനന്തപുരം: രാഷ്‌ട്രീയം തൊഴിലായി സ്വീകരിച്ചവർക്കിടയിൽ വ്യത്യസ്‌തനാവുകയാണ് തിരുവനന്തപുരത്തെ മലയിൻകീഴിലെ വാർഡ് മെമ്പർ. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനായ വി.എസ്.ശ്രീകാന്താണ് പശു വളർത്തലിലൂടെയും സംയോജിത കൃഷിയിലൂടെയും കാർഷിക വിപ്ലവം തീർക്കുന്നത്. തൊഴിലും വരുമാനമാർഗവും കൃഷിയാണെങ്കിലും കൂടുതൽ സമയം ചിലവഴിക്കുന്നത് പൊതുപ്രവർത്തനത്തിന് വേണ്ടിയാണ്. അഞ്ച് പശുക്കളുമായി ആരംഭിച്ച ഇദ്ദേഹത്തിന്‍റെ ഫാമിൽ ഇപ്പോൾ ഇരുപതോളം പശുക്കളാണുള്ളത്.
ഒരു ജനപ്രതിനിധിയുടെ കാർഷിക വിപ്ലവം - സംയോജിത കൃഷി
പശുവളര്‍ത്തലിലൂടെയും കൃഷിയിലൂടെയും മികച്ച മാതൃക തീര്‍ക്കുന്ന മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനായ വി.എസ്.ശ്രീകാന്ത്
ശ്രീകാന്തിന്‍റെ ഒരു ദിവസം പുലർച്ചെ നാല് മണി മുതൽ ആരംഭിക്കുന്നു. ഫാമില്‍ കറക്കുന്ന പാൽ ആവശ്യക്കാരിലേക്കും സൊസൈറ്റിയിലേക്കുമെല്ലാമെത്തിക്കുന്നത് നേരിട്ടാണ്. അതിനുശേഷമാണ് പഞ്ചായത്തിലേക്കെത്തുക. ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും വീട്ടിലെത്തി കറവ ആരംഭിക്കും. തൊഴുത്തിലെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സംയോജിത കൃഷിയും ഇദ്ദേഹം നടത്തുന്നുണ്ട്. വാഴ, ചീര, വെണ്ട എന്നിവയ്ക്ക് പുറമെ പ്രത്യേകയിനത്തിലുള്ള മരച്ചീനിയും കൂവയുമെല്ലാം ജൈവ രീതിയിൽ ശ്രീകാന്തിന്‍റെ കൃഷിയിടത്തിൽ വളർന്നുനിൽക്കുന്നു. ഫാമിലേക്കാവശ്യമായ പുല്ലും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. ഇതോടൊപ്പം സമീപപ്രദേശങ്ങളിലെ കർഷകർക്കെല്ലാം ഗുണം ലഭിക്കുന്ന രീതിയില്‍ ക്ഷീര സഹകരണ സൊസൈറ്റിയും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.