തിരുവനന്തപുരം :കന്നഡ ജനത വർഗീയതയ്‌ക്കെതിരായി ഇന്ത്യൻ ഫാസിസത്തിനെതിരായി നരേന്ദ്ര മോദിക്കെതിരായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അണിചേരും എന്നതിൻ്റെ തെളിവാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് അനുകൂലമായ കവാടം തുറക്കലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം. രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യൻ ജനതയുടെ പിന്തുണ ഉണ്ടെന്ന് തെളിയിക്കുന്നതാണ് കർണാടകയിലെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയത്തിന് പിന്നാലെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ആഹ്‌ലാദ പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പായസം വിളമ്പിയും പടക്കം പൊട്ടിച്ചും കോൺഗ്രസിന്‍റെ വിജയം ആഘോഷിച്ചു. ഈ തെരഞ്ഞെടുപ്പ് വിജയം രാജ്യത്തിൻ്റെ വിജയം ആണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പാലോട് രവി പറഞ്ഞു.