കേരളം

kerala

ETV Bharat / state

വിപ്ലവസൂര്യന് ജന്മദിനം; 97ന്‍റെ നിറവിൽ വിഎസ് - വി.എസ് അച്യുതാനന്ദൻ 97-ാം പിറന്നാൾ

ഇന്ത്യയില്‍ നൂറ് തികഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 97 തികഞ്ഞ നേതാവാണ് വി.എസ് അച്യുതാനന്ദൻ. ശാരീരിക അസ്വസ്ഥതകൾ തളർത്തുന്നതിനാൽ കഴിഞ്ഞ ഒരു വർഷമായി പൊതുപരിപാടികളില്ലാതെ വിശ്രമത്തിലാണദ്ദേഹം.

v s achuthanandan birthday  vs achuthanandan 97th birthday  വി.എസ് അച്യുതാനന്ദൻ പിറന്നാൾ  വി.എസ് അച്യുതാനന്ദൻ 97-ാം പിറന്നാൾ  വി.എസ് ജന്മദിനം
അച്യുതാനന്ദൻ

By

Published : Oct 20, 2020, 7:43 AM IST

Updated : Oct 20, 2020, 10:29 AM IST

തിരുവനന്തപുരം: ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ആശയങ്ങളെയും ഉയർത്തിപ്പിടിച്ച് ഒരു ജനതയ്ക്കാകെ തണലായ വിപ്ലവതേജസിന് ഇന്ന് 97-ാം പിറന്നാൾ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാജ്യത്തെ തലമുതിർന്ന നേതാവ്. വി.എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ സിപിഎമ്മിന്‍റെ എക്കാലത്തെയും ജനകീയനായ സഖാവാണ്. ജനകൂട്ടങ്ങളെ ആവേശത്തിലാക്കുന്ന, ജനകൂട്ടങ്ങളിൽ ആവേശപ്പെടുന്ന നേതാവ്.

1923 ഒക്‌ടോബർ 20ന് വേലിക്കകത്ത് ശങ്കരന്‍റെയും അക്കാമ്മയുടെയും മകനായി പുന്നപ്രയിലെ ദരിദ്ര കുടുംബത്തിൽ ജനനം. നാലാം വയസിൽ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും നഷ്‌ടമായതിനെ തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി ജോലിക്കിറങ്ങേണ്ടി വന്നു. കയർ ഫാക്‌ടറിയിലെ തൊഴിലിനിടെ ഉയര്‍ന്നുവന്ന 'വിഎസ്' എന്ന നേതാവ്, 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത് പൂർണമായും പാർട്ടി പ്രവർത്തകനായി മാറി.

തുടർന്ന് 1946ൽ ചരിത്രത്തിലിടം പിടിച്ച പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയതും സഖാവായിരുന്നു. പൂഞ്ഞാറിലെ ജയിലഴിക്കുള്ളിൽ ക്രൂരമർദനങ്ങളെ അതിജീവിച്ച് മരണത്തോട് പോരാടിയ അദ്ദേഹം പിന്നീടങ്ങോട്ട് പാർട്ടിയിലെ അജയ്യനായ നേതാവായി വളർന്നു. കമ്മ്യൂണസത്തിന്‍റെ കാർക്കശ്യവും നിലപാടുകളിലെ വ്യക്തതയും സഖാവിനെ ജനകീയനാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, കേരള മുഖ്യമന്ത്രി, ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ എന്നിങ്ങനെ നിരവധി പദവികൾ അദ്ദേഹത്തെ തേടിയെത്തി. പതിറ്റാണ്ടുകൾ വിജയ-പരാജയങ്ങളെ നേരിട്ട സിപിഎമ്മിന്‍റെ അതികായകന് പ്രായാധിക്യത്താൽ വിശ്രമം അനിവാര്യമാകുമ്പോഴും പകരക്കാരൻ ഇല്ലാത്ത വിപ്ലവ ഊര്‍ജ്ജമായി നിലകൊള്ളുകയാണ് വിഎസ്.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിലവിൽ ചികിത്സയിലാണ് അദ്ദേഹം. അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകർക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡിൽ വിഎസും വീടിനുള്ളിലേക്ക് ചുരുങ്ങി. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ പതിവ് നടത്തം വീടിന്‍റെ പരിസരത്തായി. രാവിലെ പത്രവാർത്തകൾ അറിയണമെന്ന ശീലത്തിൽ മാറ്റമില്ല. വായിക്കാൻ കഴിയാത്തതിനാൽ മറ്റാരെയെങ്കിലും കൊണ്ട് വായിപ്പിച്ച് കേൾക്കുന്നതാണ് പതിവ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ ഇടപെടലുകളും കുറവാണ്. നേരിട്ടെഴുതി വായിച്ച് പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമാണ് ഇതിന് കാരണം.

പണ്ടും ജന്മദിനാഘോഷങ്ങൾ വിഎസിന് പതിവില്ല. ജന്മദിനമറിഞ്ഞെത്തുന്ന മാധ്യമപ്രവർത്തകർക്ക് നൽകുന്ന അൽപം പായസവും വീട്ടുകാരുടെ നിർബന്ധത്തിന് കേക്ക് മുറിക്കലും. ഇതുമാത്രമാണ് ആഘോഷം. എന്നാൽ ഇത്തവണ കൊവിഡിന്‍റെ വരവോടെ വിഎസ് എന്ന പൊതുപ്രവർത്തകന് തിരക്കുകൾ ഇല്ലാത്ത ആദ്യ പിറന്നാളാകും. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ്റെ ഔദ്യോഗികവസതിയായ കവടിയാർ ഹൗസിലാണ് വിഎസ് ഇപ്പോൾ.

Last Updated : Oct 20, 2020, 10:29 AM IST

ABOUT THE AUTHOR

...view details